Kerala
തിരുവനന്തപുരം: വട്ടിയൂർകാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് മുറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് തിരുവനന്തപുരം കോര്പ്പറേഷൻ മേയർ വി.വി. രാജേഷ്.
വിഷയം ഇത്രത്തോളം രാഷ്ട്രീയവത്കരിക്കേണ്ട കാര്യമില്ലെന്നും വി.കെ. പ്രശാന്തുമായുള്ള സൗഹൃദം വച്ചാണ് ശ്രീലേഖ ഓഫീസ് ഒഴിയാനുള്ള ആവശ്യം ഉന്നയിച്ചതെന്നും വി.വി. രാജേഷ് പറഞ്ഞു
എല്ലാ കാര്യങ്ങളും പാര്ട്ടിയോട് പറയണമെന്നില്ല. ഇങ്ങനെയൊരു ചര്ച്ച വന്ന സ്ഥിതിക്ക് ഇത്തരത്തിൽ കോര്പ്പറേഷൻ കെട്ടിടം വാടകയ്ക്ക് കൊടുക്കുന്നതിലെ രേഖകള് പരിശോധിക്കും.
300 സ്ക്വയർ ഫീറ്റ് റൂം 832 രൂപയ്ക്കാണ് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ സ്വകാര്യ വ്യക്തികൾക്ക് വാടകക്ക് നൽകിയിട്ടുണ്ടോ എന്നും പരിശോധിക്കും. എംഎൽഎ ഓഫീസിന് ഇളവ് നൽകാവുന്നതാണ്. രേഖകൾ പരിശോധിച്ച് കൂടുതൽ കാര്യങ്ങൾ പറയാം.
സ്വകാര്യ വ്യക്തികൾക്ക് കോർപ്പറേഷൻ കെട്ടിടം കുറഞ്ഞ വാടകയ്ക്ക് കൊടുത്തിട്ടുണ്ടോ എന്ന് സമഗ്രമായ അന്വേഷണം നടത്തുമെന്നും വി.വി. രാജേഷ് പറഞ്ഞു. നഗരസഭ പരിധിയിൽ സർവീസ് നടത്തുന്ന ബസുകൾ മറ്റിടങ്ങളിലേക്ക് ഓടുന്നു എന്ന വിവരം മുൻപ് ലഭിച്ചിരുന്നു. ഇത് പരിശോധിക്കും. നഗരത്തിലൂടെ ഓടാനാണ് ഈ ബസുകൾ കേന്ദ്രസർക്കാർ അനുവദിച്ചതെന്നും വി.വി. രാജേഷ് പറഞ്ഞു.
Kerala
തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ശേഷം വി.വി. രാജേഷിനെ തിരുവനന്തപുരം മേയർ സ്ഥാനാർഥിയാക്കാൻ ബിജെപി തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ കൗൺസിലർമാർ ഉൾപ്പെടെ പങ്കെടുക്കുന്ന നിർണായക യോഗം നടക്കുകയാണ്.
അതേസമയം, മുൻ ഡിജിപി ആർ ശ്രീലേഖ ഡപ്യൂട്ടി മേയറാകില്ലെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം ജില്ലയിൽ ജയസാധ്യത കൂടുതലുള്ള നിയമസഭാ സീറ്റ് ശ്രീലേഖയ്ക്ക് വാഗ്ദാനം ചെയ്തെന്നാണ് സൂചന.
ആര്. ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ഇന്നു രാവിലെ വരെ ചർച്ചകൾ നടന്നിരുന്നത്. എന്നാൽ, എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതോടെയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്. വിഷയത്തില് ഒരു വിഭാഗം സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നല്കി.
പുതിയ സാഹചര്യത്തിൽ സംഘടനാ ജനറൽ സെക്രട്ടറി എസ്. സുരേഷും തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും ശ്രീലേഖയുടെ വീട്ടിലെത്തി സാഹചര്യം ധരിപ്പിക്കുകയായിരുന്നു. അതേസമയം, വിഷയത്തിൽ മാധ്യമങ്ങളോടു പ്രതികരിക്കാൻ ശ്രീലേഖ തയാറായിട്ടില്ല.